തുടക്കം , ഒരുക്കം, മടക്കം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ച്, 41 അധ്യായങ്ങളിലായി അയ്യപ്പനെ
Read More
തുടക്കം , ഒരുക്കം, മടക്കം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ച്, 41 അധ്യായങ്ങളിലായി അയ്യപ്പനെ കുറിച്ച് പറയുകയാണ് ശ്രീ അനീഷ് തകടിയിൽ. ഈ നോവൽ കുറച്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആണ് എൻ്റെ കയ്യിൽ കിട്ടിയത്. 2022 ലേ ആദ്യ വായനാനുഭവം വളരെ ഗംഭീരം ആയി. ഈ പുസ്തകം വായിച്ച് തുടങ്ങുമ്പോൾ മുതൽ, ഓരോ വരിയും വായിക്കുവാൻ ഒരു പ്രേരക ശക്തി കൂടെ വന്നിരിക്കുന്നതായി അനുഭവിച്ചു. അത് ഒരു പക്ഷെ നോവലിസ്റ്റ് ആവാം, അല്ലെങ്കിൽ വായനക്കാരൻ്റെ അന്തരാത്മാവ് ആകാം അതുമല്ലെങ്കിൽ ഇതിൽ പറയുന്ന സാക്ഷാൽ അയ്യപ്പൻ തന്നെയും ആവാം..അനീഷ് തകടിയിലിൻ്റെ അയ്യപ്പൻ പറയുന്നുണ്ട് ഈ നോവലിൽ ഉടനീളം , നാമെല്ലാം ഒന്നാണെന്ന്..കാണുന്നതും അല്ലാത്തതും ആയ സകല ചരാചരങ്ങളിലും നിലകൊള്ളുന്ന ആത്മ ചൈതന്യം ഒന്നാണെന്ന്….
വക്രിപ്പുലിയേയും പെരുമ്പാറ്റയെയും ഭയപ്പെട്ട് ജീവിക്കുന്ന ഒരു ജനതയ്ക്ക് താങ്ങായി തണലായി കാവലാളായി അയ്യപ്പൻ മാറുന്ന കഥയാണ് നാം കാണുന്നത്. കൂടെ മറ്റു ശല്യങ്ങളായി മഹിഷിയും കൂട്ടരും…
ഇവിടെ അയ്യപ്പൻ മലയരയ വിഭാഗത്തിൽ ഉള്ള കണ്ടൻ്റെയും കറുത്തമ്മയുടെയും മകൻ ആണ്.. നാടിനും കാടിനും നാഥനായി മാറും എന്ന് കോർമ്മൻ കാരണവർ തുള്ളി പറഞ്ഞ ‘പെരുമ്പാറ്റയെ പിടിക്കുന്ന പൈതൽ’!!. അവൻ്റെ വരവിനായി കാത്തിരുന്ന പോലെ പ്രകൃതി എല്ലാം ഒരുക്കി..രാമൻ കടുത്ത, കൊച്ചു കടുത്ത, പൂങ്കുടി, കുഞ്ഞോവൻ, വാവർ , അവരുടെ നേതൃത്വത്തിൽ ഉള്ള സൈന്യം, അർത്തുങ്കൽ തുറയിലെ അരയന്മാർ അങ്ങനെ എല്ലാവരും ചേർന്ന് അയ്യപ്പനൊപ്പം നാടിനെയും കാടിനെയും സമുദ്രത്തെയും കാക്കാൻ നിലകൊള്ളുന്നു .. ചതിക്കാനും വഞ്ചിക്കാനും ശ്രമിച്ചവരെ ഒക്കെ നേർവഴി കാട്ടി ജീവിതത്തിൽ ചേർത്ത് നിർത്തി മാതൃക കാട്ടുന്ന അയ്യപ്പൻ ❤️
ഒരു പടത്തലവനിൽ നിന്നും ഒരു മഹായോഗിയിലേക്ക് ഉള്ള യാത്ര ആണ് അയ്യപ്പൻ..തുടർച്ചയായ ആത്മ സംഘർഷം എല്ലാവിധത്തിലും അയ്യപ്പൻ നേരിടുന്നുണ്ട്. എന്നാൽ അതിനെ എല്ലാം മറികടന്ന് സന്ന്യാസ ജീവിതത്തിലേയ്ക്ക് ഉള്ള തൻ്റെ യാത്ര അയ്യപ്പൻ തുടരുന്നു.
മറവ പടയെ( ചോള സൈന്യം) നേരിടാനും കാട്ടിൽ നിന്ന് തുരത്താനും അയ്യപ്പനും കൂട്ടരും നടത്തുന്ന പോരാട്ടം , അതിനൊപ്പം നിൽക്കുന്ന ഒരു കൂട്ടം ചങ്ങാതിമാർ, അവരില്ലാതെ താൻ പൂർണം അല്ല എന്ന് പറയുന്ന അയ്യപ്പൻ ❤️❤️
ഉദയൻ എന്ന ചോള സൈന്യത്തിലെ നേതാവിനെ ബുദ്ധിപൂർവം നേരിട്ട് കാടിനെ രക്ഷിക്കുന്ന , അതിലൂടെ പന്തളം എന്ന നാടിനെയും രക്ഷിക്കുന്ന അയ്യപ്പൻ…രാജ സിംഹാസനവും സകല സൗകര്യങ്ങളും തങ്ക തളികയിൽ ലഭ്യമായിട്ടും വളരെ നിർമ്മമതയോടെ തിരസ്കരിക്കുന്ന അയ്യപ്പൻ.
കൂടെ പോരാടുന്ന പൂങ്കുടി, വാവർ, കടുത്തമാർ , എല്ലാം നമ്മളെ ആ കാട്ടിലെയ്ക്കും അതിൻ്റെ വന്യതയിലേക്കും ഓരോ നിമിഷവും കൂട്ടിക്കൊണ്ട് പോകുന്നു..
കുഞ്ഞോവൻ്റെയും വാവരുടെയും ഒക്കെ വിയോഗം നമ്മളെ ഏറെ സങ്കടത്തിൽ ആഴ്ത്തുന്നത് ആണ്.. യുദ്ധം എന്നത് രണ്ടു വശത്തും നഷ്ടങ്ങളും സൃഷ്ടിക്കുന്നത് ആണെന്ന പ്രകൃതി സത്യം.
തലപ്പാറക്കോട്ടയും ഇഞ്ചപ്പാറക്കോട്ടയും അരശുംമൂടും നീലിമലയും കരിമലയും ഒക്കെ കൺമുന്നിൽ തെളിയുന്ന കാഴ്ചകൾ ആയി … ❤️
എടുത്ത് പറയേണ്ട ഒന്നാണ് നോവലിസ്റ്റിൻ്റെ ആഖ്യാനശൈലി.. കൂടെ നടന്ന് കഥ പറയുന്ന പോലെ…ഓരോ രംഗവും നമ്മുടെ കൺമുന്നിൽ അരങ്ങേറുന്ന ഒരു തോന്നൽ സൃഷ്ടിച്ച് എടുക്കുന്നതിൽ അദ്ദേഹം വിജയി ആണ്…വായന അവസാനിക്കുന്ന ഇടത്ത് നമ്മൾ തിരിച്ചറിയുന്നുണ്ട് അദ്ദേഹം ദീർഘനാൾ തപസ്സ് ചെയ്ത് നേടിയ വരം ആണ് വാക്കുകൾ ആയി അയ്യപ്പൻ എന്ന നോവൽ ആയി മാറിയത് എന്ന്. അത്ര മാത്രം ഗവേഷണം അദ്ദേഹം നടത്തിയിട്ടുണ്ടാകണം.മനസ്സിലൂടെ പാലാഴി മഥനം പലവുരു നടത്തി കടഞ്ഞ് കൊണ്ടുവന്ന അമൃത് ആണ് ‘അയ്യപ്പൻ ‘. അദ്ദേഹം മലയാള നോവൽ ശാഖയ്ക്ക് ഒരു മുതൽക്കൂട്ട് ആയി മാറും എന്ന കാര്യം വായനക്കാർ എന്നോടൊപ്പം ചേർന്ന് നിന്ന് സമ്മതിക്കും എന്നത് നിസ്തർക്കമാണ്.
ഒത്തിരി പറഞ്ഞ് ഞാൻ കാട് കയറുന്നില്ല..ഈ നോവൽ വായിച്ച് ശബരിമലക്കാട് തന്നെ കയറുക എൻ്റെ പ്രിയ സ്നേഹിതർ.
അയ്യപ്പൻ കാട്ടിലേക്ക് മഹായുദ്ധം നയിക്കാൻ ഇറങ്ങുന്നതിനു മുൻപായി പറയുന്നുണ്ട്.. “ചങ്ങാതിമാരെ, നമുക്ക് വേണ്ടത് സ്നേഹമാണ്,കരുതൽ ആണ്, കരുണയാണ്. വിശന്നുവലഞ്ഞവന് ആഹാരം നൽകുന്നവനും രോഗികൾക്ക് മരുന്നേകുന്നവനും ആദ്യാക്ഷരം പകർന്നു നൽകുന്നവനും ആശ്രയമേകി തണൽ വിരിക്കുന്നവനും ആൽമരം പോലെ സ്നേഹം ചൊരിയുന്നവനുമാണ് യഥാർത്ഥ ഈശ്വരൻ”
കൂടെ കൂടിയവർക്ക് ഒക്കെ അയ്യപ്പൻ പ്രതീക്ഷ ആയിരുന്നു.. എല്ലാ സങ്കടങ്ങളും തീർത്ത് രക്ഷിക്കുന്ന സ്വാമി..നമുക്കും❤️❤️🙏🙏🙏
അയ്യപ്പത്തിന്തകത്തോം തോം
സ്വാമിതിന്തകത്തോം 🙏
സ്നേഹം,ബഹുമാനം Aneesh Thakadiyil ❤️🙏
Show Less