Ayyappan

By Aneesh Thakadiyil

അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന ശ്രദ്ധേയമായ...

അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന ശ്രദ്ധേയമായ നോവൽ. അനീഷ് തകടിയിലിന്റെ ഈ പുസ്തകം ഒട്ടേറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്.  കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും പരുന്തും കാടും നാടും ഒന്നിക്കുന്ന കഥ. 

രചന : അനീഷ് തകടിയിൽ

പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്

വില : 300 രൂപ

This critically acclaimed novel narrates the story of Swamy Ayyappan from its true historical perspective. This is the story of a brave hero, Ayyappan, who was born in a tribal family and later became the army chief of the princely state of Pandalam and succeeded in freeing the country from the evil forces of the Chola kingdom, the perumbatta. This is also the story of Vavar, Poongkudi, Raman Kartaa, and Kochukartha. Nature plays an integral part in this novel, like the jungle (poonkavanam), horse, elephant (vinayakan), tiger (puli), and hawk (krishnaparunth). In this novel, the author successfully blends mythical stories and historical truths with a delicate balance, thus presenting a fine piece for the readers. Ayyappan is the third novel written by promising young writer Aneesh Thakadiyil 

Publisher :  Budha Creations.

Price : 300 Rs

 

Availability

available

Categories

Publish Date

2021-12-12

Published Year

2021

Publisher Name

ISBN

978-8195508204

ISBN 10

8195508200

ISBN 13

978-8195508204

Format

Paperback

Country

India

Language

Malayalam

Weight

300 gm

Average Ratings

Readers Feedback

അയ്യപ്പൻ

കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ... കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ...Read More

Amrutha Saketham

×
അയ്യപ്പൻ
കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ സ്വീകാര്യമാവുന്ന അവതരണത്തികവ് അവകാശപ്പെടാനുണ്ട്. അടുക്കും ചിട്ടയോടെയും അവതരിപ്പിച്ച 41 അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഓരോ കഥാപാത്രത്തിനും പുതിയൊരു മാനം കണ്ടെത്താൻ കഴിഞ്ഞു എന്നത് കഥാകാരൻ്റെ എടുത്തു പറയേണ്ട മികവ് തന്നെയാണ്.
കേട്ടു പഴകിയ കെട്ടുകഥയിലെ മോഹിനീ പുത്രൻ മലയരയൻ കണ്ടൻ്റെയും കറുത്തമ്മയുടേയും കൈകുഞ്ഞായി താലോലിക്കപ്പെടുന്ന ചിത്രം തുടക്കത്തിൽ തന്നെ വായനക്കാരുടെ ഹൃദയത്തിൽ പതിയുന്നതോടെ കഥാകാരൻ തൻ്റെ പാതി ദൗത്യം പിന്നിട്ടു. പിന്നീട് കഥ മുന്നോട്ട് പോകുന്നത് കേട്ടു പരിചയമുള്ള അയ്യപ്പചരിതത്തിലെ സംശയങ്ങളോരോന്നും നിവാരണം ചെയ്ത് ഓരോ കഥാപാത്രങ്ങളേയും യഥാസമയം അവതരിപ്പിച്ചു കൊണ്ടാണ്.
കഥയിലെ ചിണ്ടനെന്ന കഥാപാത്രത്തിന് ഗുരു കാരണവൻമാരിൽ നിന്ന് കിട്ടിയ അറിവ് പോലെ തന്നെ ‘ഏറ്റവും ആവശ്യമുള്ളത് മാത്രമേ എടുക്കാവൂ ‘ എന്നത് നോവലിൻ്റെ അവതരണത്തിൽ കഥാകാരനും പാലിച്ചു എന്നു വേണം കരുതാൻ. പന്തളത്തെ പടനായകനായ അയ്യപ്പനെങ്ങനെ ജനങ്ങൾക്ക് കൺകണ്ട ദൈവമായെന്ന് ചരിത്രത്തിലെ ഏറ്റവും ആവശ്യമായ ഏടുകൾ മാത്രം വേർതിരിച്ചെടുത്ത് മനോഹരമായി നോവലിൽ പറഞ്ഞു വക്കുന്നു. അതിൽ പ്രണയവും വിരഹവുമുണ്ട്, സൗഹൃദവും ശത്രുതയുമുണ്ട്, പോരും പോർവിളികളുമുണ്ട്, വിശ്വാസത്തിൻ്റെ മുദ്രയണിഞ്ഞ ആണും പെണ്ണുമുണ്ട്, തുടക്കവും ഒടുക്കവും നമ്മൾ ചെന്നെത്തുന്ന അഭയവും ഭയവുമായ കാടുണ്ട്.
കഥയിലെ ഉറച്ച നിലപാടുകളും കരുണ ചുരത്തുന്ന സ്തനങ്ങളുമുള്ള കറുത്തമ്മയും തന്നിലെ നിതാന്തമായ പ്രണയം കൊണ്ട് ധീരയായി മാറി കഥയിൽ നിറഞ്ഞ് നിന്ന് പൊരുതിയ പൂങ്കുടിയും അവതാര കഥകൾ പാടി നടന്നവർ ചരിത്രത്തിൽ നിന്ന് മന:പൂർവ്വമോ അല്ലാതെയോ മറന്നുവച്ച സ്ത്രീകളാണ്. മറച്ചു പിടിച്ചതായാലും മറന്നു പോയതായാലും സ്ത്രീയെ ആകുന്നതാണല്ലോ എക്കാലത്തും എളുപ്പം!
വായിച്ചു തീർന്നിട്ടും ഉള്ളിൽ ഉടക്കി നിൽക്കുന്ന കഥാപാത്രം മഹിഷിയെന്ന ലീല തന്നെയാണ്. കഥ പറഞ്ഞവരാരും പറയാത്ത ഒരു മഹിഷിയെ ആണ് കഥാകാരൻ അയ്യപ്പനിൽ അവതരിപ്പിച്ചത്. നമ്മളിറക്കി വിട്ടാലും നമ്മളിൽ നിന്നിറങ്ങി പോകാതെ നോവൽ വായിച്ചു തീരുന്ന ഓരോരുത്തരേയും മഹിഷി വേട്ടയാടുമെന്ന് തീർച്ചയാണ്. അനുഭവങ്ങളുടെ നോവിൽ നമ്മളെടുത്തണിയുന്ന കൊമ്പുകൾക്ക് മോക്ഷം കിട്ടേണ്ടതുണ്ടെന്നും തിരിച്ചറിയും.
അയ്യപ്പനെന്നാൽ കാടാണ്! തൻ്റെ അവസ്ഥകളുടെ ഉത്തരമെന്തെന്ന് തേടി അയ്യപ്പനിലേക്ക് കല്ലും മുള്ളും ചവിട്ടി മലകയറിയെത്തിയവരെ എല്ലാം അതു നീയാണെന്ന് പറഞ്ഞ് അയ്യപ്പൻ മടക്കി അയച്ചു കൊണ്ടിരിക്കും. അവസ്ഥകളിൽ നിന്ന് അവസ്ഥകളിലേക്കുള്ള പ്രയാണമാണ് ജീവിതമെന്ന തിരിച്ചറിവിൽ ഇരുളടഞ്ഞ ഗുഹകളിലൊക്കെയും നമ്മൾ തന്നെ ഉണർവിൻ്റെ ജ്യോതി തെളിക്കും.
(അയ്യപ്പനെ ഇപ്പോൾ ആമസോണിൽ വാങ്ങിക്കാം … വായിക്കാം)

Amrutha Saketham

അയ്യപ്പൻ

അയ്യപ്പനും വാവരും തോഴന്മാരായിരുന്നു എന്ന കാര്യത്തിൽ ആരും തർക്കം പറഞ്ഞിട്ടില്ല. AD 7ാം നൂറ്റാണ്ടിന്റെ ഒടുവിൽ രൂപം കൊണ്ട ഇസ്ലാം മതത്തിൽ വിശ്വസിച്ചിരുന്ന മുഹമ്മദീയനായ വാവർ (ബാബർ എന്ന പേരിനോട് സാമ്യം) അയ്യപ്പനോടൊപ്പം ഉണ്ടാവണമെങ്കിൽ,...Read More

Vishnu Mithirmala

×
അയ്യപ്പൻ

അയ്യപ്പനും വാവരും തോഴന്മാരായിരുന്നു എന്ന കാര്യത്തിൽ ആരും തർക്കം പറഞ്ഞിട്ടില്ല. AD 7ാം നൂറ്റാണ്ടിന്റെ ഒടുവിൽ രൂപം കൊണ്ട ഇസ്ലാം മതത്തിൽ വിശ്വസിച്ചിരുന്ന മുഹമ്മദീയനായ വാവർ (ബാബർ എന്ന പേരിനോട് സാമ്യം) അയ്യപ്പനോടൊപ്പം ഉണ്ടാവണമെങ്കിൽ, അയ്യപ്പൻ 7ാം നൂറ്റാണ്ടിനുമുമ്പുള്ള ഏതോ അജ്ഞാത കാലത്തെ കുറിച്ചുള്ള ഒരു സങ്കൽപിക കഥയിലെ കഥാപാത്രമാകാൻ തരമില്ല. ലളിതമായി പറഞ്ഞാൽ ഇസ്ലാം ആവിർഭവിച്ച 7ാം നൂറ്റാണ്ടിനു ശേഷം ‘ജീവിച്ചിരുന്ന ‘ ഒരു മനുഷ്യനായിരുന്നു അയ്യപ്പൻ. വേദോപനിഷത്തുകളിലും പുരാണങ്ങളിലുമൊന്നും അയ്യപ്പനെന്ന ദൈവത്തെ കുറിച്ച് പരാമർശമില്ലാതെ പോയതും അതുകൊണ്ടു തന്നെ. എന്നിട്ടും പിൽക്കാലത്ത് ഒരു വലിയ ജനവിഭാഗത്തിന്റെ ആരാധനാ മൂർത്തിയായി അയ്യപ്പൻ മാറിയത് എന്തുകൊണ്ടാണ്, എങ്ങനെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങളുയരാത്ത മലയാളി മനസുകളുണ്ടാവില്ല. ആ ചോദ്യങ്ങളുടെ ഉത്തരം എനിക്ക് കിട്ടിയത് “അയ്യപ്പൻ” എന്ന ഈ നോവലിൽ നിന്നാണ്. തമിഴ് ജനത കേരളത്തിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കൊന്നും നൽകാത്ത പ്രാധാന്യം അയ്യപ്പ സന്നിധാനമായ ശബരിമലയ്ക്ക് നൽകുന്നത് എന്തുകൊണ്ടായിരിക്കാമെന്ന അന്വേഷണങ്ങൾക്കും ചരിത്രത്തിന്റെ പിൻബലത്തോടെ ഏറെക്കുറേ തൃപ്തികരമായ ഉത്തരം നൽകാനും അനീഷ് തകടിയിൽ – ന്റെ ഈ നോവലിന് സാധിക്കുന്നുണ്ട്.
മലയരയാനായ കണ്ടന്റെയും കറുത്തമ്മയുടെയും പുത്രനായി മലയിൽ പിറന്ന മണികണ്ടൻ, പത്ത് ദളമായി പകുത്തിട്ടുള്ള പന്തളനാടിലെ നാടുവാഴികൾക്ക് വേണ്ടപ്പെട്ടവനായത് ‘ശത്രുവിന്റെ ശത്രു മിത്ര’മെന്നൊക്കെ പറയുന്ന പോലുള്ള യുക്തിയാലാവണം. അപ്പോൾ ആരായിരുന്നു ആ പൊതുശത്രു ? അത് തഞ്ചാവൂർ കേന്ദ്രമാക്കി ഒരു വൻ സാമ്രാജ്യം തന്നെ രൂപീകരിച്ചിരുന്ന ചോളന്മാരായിരുന്നു. അവർ AD 920 ൽ പാണ്ഡ്യ തലസ്ഥാനമായ മധുര ആക്രമിച്ച് കീഴടക്കി. ആ കാലഘട്ടത്തിൽ നിരന്തരമായി നടന്ന അക്രമങ്ങളിൽ നിന്ന് രക്ഷതേടി മധുരയിൽ നിന്ന് പലായനം ചെയ്ത് പമ്പാ നദീതടത്തിലെത്തി താവളമടിച്ച ഒരു വിഭാഗം തമിഴരാണ് (പാണ്ടികൾ) പന്തളം രാജകുടുംബമായി പരിണമിച്ചത് എന്ന് കരുതാവുന്നതാണ്. ചേരനാടും ചോളന്മാരുടെ അക്രമങ്ങൾക്ക് നിരന്തരം വിധേയമായി കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ചേരനാട്ടിലെ മലമേടുകളിൽ പാർത്തുവന്നിരുന്ന മലയരയന്മാർക്കും മറ്റ് സമുദായങ്ങൾക്കും പലപ്പോഴും പുലിയടയാളമായ ചോളന്മാരുടെ പെരുമ്പറ്റമായ സൈന്യത്തിൽ നിന്ന് രക്ഷതേടി പല പല മലകളിലും മാറി പാർക്കേണ്ടി വന്നിരുന്നു. 18 മലകളിലായി അങ്ങനെ ഭയന്നൊളിച്ചിരുന്നവരുടെ ഇടയിൽ നിന്ന് ഒരു ആപത്ബാന്ധവനുണ്ടായി; അവനാണ് അയ്യപ്പൻ.
പന്തളനാടിനും കാടിനും വേണ്ടി അവൻ സേനാധിപനായി നിന്ന് ഒരു സംയുക്ത സൈന്യത്തെ വാർത്തെടുത്തു. അതിനായി പറ്റാവുന്നിടത്തെല്ലാം കളരികളൊരുക്കാൻ ഉത്സാഹിച്ചു. ജനങ്ങൾ സസ്നേഹം വീഴ്ത്തിക്കൊടുത്ത കഞ്ഞിയും ഏകലക്ഷ്യത്തിലേക്ക് 41 ദിവസത്തെ വ്രതമെടുത്ത് നടത്തിയ ശിക്ഷണവും അയ്യപ്പന്റെ ജനകീയ സേനയ്ക്ക് കരുത്ത് പകർന്നു. ദൗത്യമവസാനിച്ചപ്പോൾ ശരം ഉപേക്ഷിച്ച ശരംകുത്തിയിൽ നിന്ന് അയ്യപ്പന്റെ മറ്റൊരു യാത്ര ആരംഭിക്കുകയായിരുന്നു. ജനതയെ രക്ഷിച്ചവൻ രാജ്യംഭരിക്കുമെന്ന് കരുതിയവർക്കെല്ലാം അവന്റെ എല്ലാം ത്യജിച്ചുള്ള യാത്ര ഒരമ്പരപ്പായി. കാലാന്തരത്തിലൂടെ ആ അമ്പരപ്പ് ഒരാരാധനയായി. അയ്യൻ, അങ്ങനെ അയ്യപ്പ സ്വാമിയായി.
അയ്യപ്പ സംബന്ധിയായ ഏതാണ്ടെല്ലാ ചടങ്ങുകളുടെയും പൊരുൾ കൺമുന്നിൽ തെളിയുന്ന ഒരു നിർവൃതിയാണ് ഈ നോവൽ എനിക്ക് സമ്മാനിച്ചത്. അയൽവക്കങ്ങളിൽ അയ്യപ്പ തിന്തക തോം തോം മുഴങ്ങുന്ന ഈ മണ്ഡലകാലത്ത് ഈ നോവൽ ഒരു മാസ്മരിക അനുഭൂതി സൃഷ്ടിക്കുമെന്നത് തീർച്ച. ഈ അനുഭൂതി ഒരുക്കി തന്നതിന് നോവലിസ്റ്റിന് ഒരിക്കൽകൂടി നന്ദി🙏.

Vishnu Mithirmala

അയ്യപ്പൻ

  അടയാളം ഓൺലൈനിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോഴാണ് അയ്യപ്പൻ വായിച്ചു തുടങ്ങിയത്. ആദ്യത്തെ മൂന്നാല് അധ്യായം വായിച്ച ശേഷം വായന നിർത്തിയത് ഖണ്ഡശ വായിക്കുമ്പോൾ കഥയുടെ ഫ്ലോ അങ്ങ് പോകുമെന്നോർത്തായിരുന്നു. അഭിപ്രായം അറിയാൻ മെസേജ് അയക്കുന്ന...Read More

Anooj Meera Neeharika

×
അയ്യപ്പൻ
 
അടയാളം ഓൺലൈനിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോഴാണ് അയ്യപ്പൻ വായിച്ചു തുടങ്ങിയത്. ആദ്യത്തെ മൂന്നാല് അധ്യായം വായിച്ച ശേഷം വായന നിർത്തിയത് ഖണ്ഡശ വായിക്കുമ്പോൾ കഥയുടെ ഫ്ലോ അങ്ങ് പോകുമെന്നോർത്തായിരുന്നു. അഭിപ്രായം അറിയാൻ മെസേജ് അയക്കുന്ന എഴുത്തുകാരനോട് നോവൽ വായിച്ചില്ലെന്നു തുറന്നു പറഞ്ഞു.
അങ്ങനെയിരിക്കെ മൂന്നാഴ്ച മുൻപ് അയ്യപ്പൻ ഇങ്ങെത്തി. സ്വാഭാവിക മടി കാരണം വായിച്ചു തുടങ്ങാൻ കഴിഞ്ഞില്ല. മീര വായിച്ചു തുടങ്ങിയിരുന്നു. അസൂയ മൂത്തപ്പോൾ ഞാൻ സജഷൻവച്ചു – മീര ഉറക്കെ വായിക്കുക. ഞാനും ആമിയും മാതുവും കേട്ടിരിക്കും. രണ്ടു ദിവസം കൊണ്ട് 8 അധ്യായം പൂർത്തിയായി.
ഇതുവരെ കേൾക്കാത്ത ഒരു അയ്യപ്പ ചരിതം. മിത്തിനെക്കാൾ ചരിത്രം നിറഞ്ഞു നിൽക്കുന്നു. ഭക്തിയെക്കാൾ യുക്തി പിണഞ്ഞിരിക്കുന്നു.
ഇനിയെന്ത്? എന്ന ആകാംക്ഷ ഓരോ വരിയിലും വായനയെ വലിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു.
അടുത്ത ദിവസം, കൂട്ടായ വായനയ്ക്ക് കാത്തു നിൽക്കാതെ ഞാൻ പുസ്തകം കയ്യിലെടുത്തു.
41 അധ്യായങ്ങൾ, ഒരു ത്രില്ലർ സിനിമ കാണുന്ന ഉദ്വേഗത്തോടെ വായിച്ചു തീർത്തു.
വാക്കുകളിൽ ദൃശ്യങ്ങൾ നിറച്ച ലളിതസുന്ദരമായ ഭാഷ.
കേട്ടറിഞ്ഞിട്ടുള്ള ഐതിഹ്യത്തിനെ, നിറഞ്ഞ ആദരവോടെ, ചരിത്രത്തിൻറെ ഉൾക്കാഴ്ചയോടെ പൊളിച്ചെഴുതുകയാണ് അനീഷ് തകടിയിൽ Aneesh Thakadiyil.
2022 ൽ നിർബന്ധമായി വായിച്ചിരിക്കേണ്ട നോവൽ.

Anooj Meera Neeharika

അയ്യപ്പൻ – Aneesh Thakadiyil

  ഒരു ഞായറാഴ്ച അടയാളം ഓൺലൈനിലാണ് ആദ്യമായിട്ട് അനീഷ് തകടിയിൽ എന്ന എഴുത്തുകാരനെ അറിയുന്നതും 'അയ്യപ്പൻ' എന്ന കഥ വായിക്കുന്നതും. ഓരോ ഞായറാഴ്ചയും ഖണ്ഡശ്ശ ആയി അടയാളം ഓൺലൈനിൽ കഥ വരുന്നത് കാത്തിരിക്കാൻ പാകത്തിന്...Read More

Sreejith Sreekumar

×
അയ്യപ്പൻ – Aneesh Thakadiyil
 
ഒരു ഞായറാഴ്ച അടയാളം ഓൺലൈനിലാണ് ആദ്യമായിട്ട് അനീഷ് തകടിയിൽ എന്ന എഴുത്തുകാരനെ അറിയുന്നതും ‘അയ്യപ്പൻ’ എന്ന കഥ വായിക്കുന്നതും. ഓരോ ഞായറാഴ്ചയും ഖണ്ഡശ്ശ ആയി അടയാളം ഓൺലൈനിൽ കഥ വരുന്നത് കാത്തിരിക്കാൻ പാകത്തിന് മനോഹരമായ ആഖ്യാന ശൈലിയായിരുന്നു അനീഷ് ചേട്ടന്റേത്. അതുകൊണ്ട് തന്നെ പുസ്തകമാക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു കോപ്പി വിളിച്ച് ഉറപ്പ് വരുത്തിയിരുന്നു.
ഐതിഹ്യം പറഞ്ഞ് പരത്തുന്ന ശൈവ വിഷ്ണു പുത്രൻ എന്ന സങ്കല്പത്തിൽ നിന്ന് മാറി മലയരയർക്കിടയിലെ ഒരുവനായി മണികണ്ടനെ (മണികണ്ഠൻ അല്ല, കണ്ടന്റെ മകൻ മണികണ്ടൻ) അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ. കാടിനുള്ളിലെയും നാടിനുള്ളിലെയും മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന ചോളന്മാർക്കെതിരെയുള്ള പടയൊരുക്കവും യുദ്ധവുമാണ് കഥാ പശ്ചാത്തലം. കഥയുടെ ഒഴുക്കിനൊപ്പം ചേർത്ത് വച്ചുകൊണ്ട് പ്രളയവും പ്രളയനാന്തര പുനർനിർമ്മാണവും കടലിന്റെ മക്കളുടെ കടന്ന് വരവുമൊക്കെ നമ്മളെ ഇന്നലെയുടെ ചില നിമിഷങ്ങളിലേക്കും കൊണ്ട് പോകും. പല ഭാഗങ്ങളും വായിക്കുമ്പോൾ ഒരു സിനിമയിലെന്നപോലെ വായനക്കാരന് മനസ്സിൽ കാണാൻ കഴിയുന്ന വിധത്തിൽ നല്ല രസമുള്ള എഴുത്താണ്.
കഥയായ് വായിക്കുമ്പോൾ സുന്ദരമായൊരു കഥയാണ് അയ്യപ്പൻ. എന്നാൽ ഇന്നത്തെ കാലത്ത് സീരിയൽ കണ്ട് പോലും കൈകൂപ്പുന്ന വിശ്വാസികൾക്കിടയിൽ ഈ കഥ അവർ ഐതിഹ്യമായോ ചരിത്രമായോ ഒക്കെ എടുത്ത് കാട്ടിയാലും അത്ഭുതമൊന്നുമില്ല; അത്രമാത്രം സുന്ദരമായ് എഴുത്തുകാരൻ കഥ മെനഞ്ഞിട്ടുണ്ട്.

Sreejith Sreekumar

അയ്യപ്പൻ

അയ്യപ്പൻ എന്റെ ആരാധനാ മൂർത്തിയല്ല. കാലങ്ങളായി സന്ദേഹിയായി നടക്കുന്ന ഒരുവനെന്ന നിലയിൽ ഒരു ദൈവ സങ്കല്പത്തോടും പ്രത്യേകിച്ചൊരു മമതയുമില്ല. എങ്കിലും അനീഷിന്റെ Aneesh Thakadiyil അയ്യപ്പനെ വായിച്ചപ്പോൾ മുതൽ മൂപ്പരോട് ഒരു പ്രത്യേക ഇഷ്ടം...Read More

Manu Falgunan Kumaranalloor

×
അയ്യപ്പൻ

അയ്യപ്പൻ എന്റെ ആരാധനാ മൂർത്തിയല്ല.
കാലങ്ങളായി സന്ദേഹിയായി നടക്കുന്ന ഒരുവനെന്ന നിലയിൽ ഒരു ദൈവ സങ്കല്പത്തോടും പ്രത്യേകിച്ചൊരു മമതയുമില്ല.
എങ്കിലും അനീഷിന്റെ Aneesh Thakadiyil അയ്യപ്പനെ വായിച്ചപ്പോൾ മുതൽ മൂപ്പരോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്.
ഹരിഹരസുതനായ അയ്യപ്പനല്ല അനീഷിന്റേത്. കറുത്തമ്മയുടേയും കണ്ടന്റേയും മകനായ മണികണ്ടനാണ്.
നാട്ടിലും കാട്ടിലും ജീവിതം ദുസ്സഹമാക്കിയ, പെരുമ്പാറ്റയെന്ന് നാട്ടുകാർ ഭയപ്പാടോടെ വിളിക്കുന്ന ചോളപ്പടയെ തുരത്താൻ ജനിച്ച വീരനാണ്.
പതിനെട്ട് മലകളുടേയും സംരക്ഷകനായി മാറിയ ദേവതാ സങ്കല്പമാണ്.
കാടിന്റെ മകനായ, അസാധാരണമാം വിധം തീക്ഷ്ണമായ നിശ്ചയദാർഢ്യമുള്ള ഒരു ചെറുപ്പക്കാരൻ.
ഒരേ സമയം യോദ്ധാവും പടത്തലവനുമായിരിക്കുമ്പോൾത്തന്നെ പ്രായത്തിനതീതമായ യോഗീ ഭാവം കൂടിച്ചേർന്ന ഗുരു.
എവിടെയോ കേട്ടിട്ടുണ്ടെങ്കിലും തലയിൽ കൃത്യമായി രെജിസ്റ്ററ്റാവാതെ പോയ പലരും ഈ നോവലിലൂടെ മനസ്സിൽ കസേരയിട്ടിരിപ്പായി എന്ന് പറഞ്ഞാൽ മതിയല്ലോ.
വാവരും പൂങ്കുടിയും കൊച്ചു കടുത്തയും വലിയ കടുത്തയും കോർമ്മൻ കാരണവരും മഹിഷിയും തുടങ്ങി കുറേപ്പേരുണ്ട് ” ഇപ്പൊ ഞങ്ങളെ മനസ്സിലായോ ? ” എന്നും ചോദിച്ച് കയറി വന്നവരിൽ.
ചരിത്രത്തിന്റെ കൂട്ട് പിടിച്ചാണ് അനീഷ് അയ്യപ്പനെ വരച്ചിടാൻ ശ്രമിക്കുന്നത്.
ഒപ്പമുള്ള ജനത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന, എല്ലാവരേയും അയ്യപ്പന്മാരാക്കി മാറ്റുന്ന മണികണ്ടനെ മനോഹരമായി ക്രാഫറ്റ് ചെയ്തെടുത്തിട്ടുണ്ട്.
ദേവതാ സങ്കല്പമായി മാറിക്കഴിഞ്ഞാൽ അവരുടെ വികാര വിചാരങ്ങൾ നമുക്കന്യമാവുകയാണ് പതിവ്.
ഇവിടെ അയപ്പന്റേതായിരുന്നിരിക്കാനിടയുള്ള സന്ദേഹങ്ങളും കാലുഷ്യവും വ്യസനവും നമ്മൾ കൂടി അറിയുകയാണ്, അനുഭവിക്കുകയാണ്.
അതിലാണെഴുത്തുകാരന്റെ മിടുക്ക്.
നിലവിലെ ശബരിമലയുടെ പരിസരത്തെ പല സ്ഥലനാമങ്ങളും ഉണ്ടായി വന്നതിങ്ങനെയാവും എന്ന തരത്തിൽ കണക്റ്റ് ചെയ്യുന്ന സംഭവങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് അനീഷ്.
ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ഈ നോവലിനെപ്പറ്റി എനിക്ക് തോന്നിയത്.
ഒന്നാമത്തേത് ഇതിലുപയോഗിച്ചിട്ടുള്ള ഭാഷയാണ്.
ആ കാലത്തെങ്ങനെയാവും ആ നാട്ടിലെ മനുഷ്യർ സംസാരിച്ചിരിക്കുക എന്നതാലോചിച്ച് ആ തരത്തിലൊരു ഭാഷയുണ്ടാക്കാൻ അനീഷ് ശ്രമിച്ചിട്ടില്ല.
പകരം നിലവാരമുള്ള ലളിതമായ ഭാഷയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
അത് കൊണ്ട് തന്നെ വായന അനായാസമാണ്. ആർക്കും ആസ്വദിക്കാൻ കഴിയുന്നതാണ്.
സത്യത്തിൽ ലളിതമായ ഈ ഭാഷയാണ് ഇതിന്റെ ആത്മാവ്.
രണ്ടാമത്തെ കാര്യം ഇതിന്റെ യുദ്ധ വിവരണമാണ്. അത് അനീഷ് തകർത്തിട്ടുണ്ട്.
മനസ്സിൽ ഒരു സിനിമ പോലെ കാണാൻ കഴിയുന്ന തരത്തിൽ വ്യക്തമായിട്ടാണ് ആ പ്ലോട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങൾ, ചെറിയ ചെറിയ തന്ത്രങ്ങൾ,എല്ലാവരേയും പ്രചോദിപ്പിക്കും വിധമുള്ള അയ്യപ്പന്റെ നേതൃഗുണം, വീര്യം എന്നിവയൊക്കെ നല്ല കൃത്യം പാകത്തിൽ സ്വാഭാവികമായി വന്നിട്ടുണ്ട്.
യുദ്ധ ഭാഗം തയാറാക്കിയതിന് ഒരു പ്രത്യേക കയ്യടി അർഹിക്കുന്നുണ്ടനീഷ്.
എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്ര നിർമ്മിതി മഹിഷിയുടേതാണ്. എഴുതാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലാവാം അതിലെനിക്കൊരു അസൂയ തോന്നി.
അതിൽ മാത്രമായി ചുരുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സത്യം പറയട്ടേ അനീഷ്, ഈ നോവലെഴുതിയ തന്നോട് എനിക്ക് ചെറതല്ലാത്ത അസൂയ തോന്നുന്നുണ്ടിപ്പോൾ.
കാട്ടിൽ നിന്ന് വന്ന് നാടിന്റെ മനം കവർന്ന്, കാടിന്റെ വന്യതയിലേയ്ക്കും അതിന്റെ സൗന്ദര്യത്തിലേയ്ക്കും നിഗൂഢമായ ശാന്തതയിലേയ്ക്കും തിരിച്ച് പോയി കുടിയിരിക്കുന്ന അയ്യപ്പനെ ഒന്ന് കണ്ടാലോ എന്നൊക്കെ തോന്നിപ്പോവുന്നുണ്ട്.
നന്ദി അനീഷ്. സ്നേഹം ❤️
എല്ലാവർക്കും വായിക്കാവുന്ന പുസ്തകമാണ് ‘അയ്യപ്പൻ’ . അയ്യപ്പന് ജാതിയും മതവുമില്ല. അവിടെയെത്തുന്നവരൊക്കെ അയ്യപ്പന്മാരാണ് എന്നത് പോലെത്തന്നെയാണ് അനീഷിന്റെ അയ്യപ്പനും.
മറ്റുള്ളവർക്ക് വേണ്ടി നില കൊള്ളുന്ന ചിലരാണ് ഈ ലോകം ഇങ്ങനെയൊക്കെ മെച്ചപ്പെട്ടതാക്കിയെടുത്തത് എന്നൊരോർമ്മപ്പെടുത്തലാണ് എനിക്കീ പുസ്തകം.
എല്ലാവർക്കും സ്നേഹം.ശുഭദിനം.
❤️💙💚
മനു ഫൽഗുനൻ കുമരനല്ലൂർ
21-01-2022
( നന്നായി എഴുതണമെന്നത് കൊണ്ട് മാത്രം നീട്ടി വച്ച കുറിപ്പാണ്. അവസാനം ഒരു തയ്യാറെടുപ്പമില്ലാതെ ഈ രാവിലെ ഇങ്ങനെ കുറിച്ചിടലായി അതിന്റെ വിധി.)

Manu Falgunan Kumaranalloor

Submit Your Review You are not allowed to submit a review. Please Log In

onwin