ഉച്ചവിളാകാത്തിന് ഒരു പഠനം ഒക്കെ എഴുതാൻ ഇരുന്നതാ..എഴുതി ഏതാണ്ട് പകുതിയാവേം ചെയ്തതാ...
Read More
ഉച്ചവിളാകാത്തിന് ഒരു പഠനം ഒക്കെ എഴുതാൻ ഇരുന്നതാ..എഴുതി ഏതാണ്ട് പകുതിയാവേം ചെയ്തതാ… പിന്നെന്താന്നു വച്ചാ എന്റെ നല്ല സമയത്തിന്റെ കൂടുതൽ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അങ്ങനെ ഒരു ചെറുതല്ലാത്ത സങ്കടം ഉള്ളിൽ കിടന്ന് കരഞ്ഞു വിളിക്കുന്നുണ്ട്. അത് പോട്ടെ… എന്റെ ദുർബലമായ നിരീക്ഷണങ്ങളെക്കാൾ ഊർജമുണ്ട് അനൂ, നിന്റെ ജീവനുള്ള അക്ഷരങ്ങൾക്ക്.
ഇവന്റെ എഴുത്തുകൾ എന്നും എന്നെ ഞെട്ടിക്കാറുള്ളത്, അവ പങ്കിടുന്ന ജീവിതപരിസരങ്ങളുടെ സൂക്ഷ്മമായ നേർചിത്രങ്ങളിലൂടെയാണ്. അവസാനം ഇറങ്ങിയ ‘അയ്യപ്പൻ’ എന്ന നോവലിൽ പോലും, നമ്മൾ കണ്ടെത്തുന്നതും പരിചയപ്പെടുന്നതും ചിരപരിചിതനായ അയ്യപ്പനെയോ, അയ്യപ്പകഥയേയോ അല്ല, കാടും നാടും ഒന്നിക്കുന്ന മനുഷ്യ ജീവിതത്തിന്റെ,
അധിനിവേശത്തിന്റെ, സംസ്കാരത്തിന്റ, ഒക്കെ കഥയെയാണ്.
അതുപോലെ ഒരു ദേശത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘ഉച്ചവിളാകത്തെ ഉരുവം’.
അനിയൻ എന്ന സ്വാതന്ത്ര്യത്തിൽ ഇതിൻറെ ആദ്യ വായനക്കാരനാവാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ.
ഓരോ അധ്യായവും ഒട്ടും പ്രതീക്ഷിക്കാത്ത സമസ്യകളും, സംഘർഷങ്ങളും, ആണ് എനിക്ക് സമ്മാനിച്ചത്.
കോളനിയനന്തര കാലത്തെ വൈദേശികാഭിമുഖ്യങ്ങളെ, കപടാദാർശങ്ങളെ, നവോത്ഥാനത്തിന്റെ മുഖംമൂടിയിട്ട സംസ്കാരനിരാസങ്ങളെ, ഒക്കെ പ്രതിരോധിക്കാൻ ഒരു ജനത നടത്തിയ എളിയ പോരാട്ടങ്ങളുടെ കഥ കൂടിയാണ് ഈ പുസ്തകം. നഗരവൽക്കരണത്തിന്റെ യന്ത്രക്കൈകളിൽ നിന്ന് തങ്ങളുടെ ജീവനും ജീവിതവും വിശ്വാസങ്ങളും നിലനിർത്തുവാൻ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യരും, തിരുവനന്തപുരത്തിന്റെ ഗ്രാമജീവിതത്തിൻറെ നേർചിത്രങ്ങളും എല്ലാം ഈ താളുകളിൽ നിന്നും വായിച്ചെടുക്കാം. ദ്രാവിഡസംസ്കാര ചിഹ്നങ്ങളുടെ മീതെ വന്നുപതിച്ച നവീകരണ ബോംബുകളുടെയും, അവ സൃഷ്ടിച്ച അപരബോധ്യങ്ങളുടെയും കൃത്യമായ സൂചനകൾ ഈ നോവലിൽ കാണാം.
ഇത് എന്റെയും നിങ്ങളുടെയും കഥ കൂടിയാണ്..
ഭൂതവും ഭാവിയും വർത്തമാനവും ഒന്നിക്കുന്ന..
കാലത്രയങ്ങളുടെ….
അതിന്റെ തുടർച്ചയുടെ കഥ..
ഇതവസാനിക്കുന്നില്ല..
എന്നിലൂടെ…
നിങ്ങളിലൂടെ….
വരാനിരിക്കുന്ന
തലമുറകളിലൂടെ…
തുടർന്നുകൊണ്ടേയിരിക്കുന്നു…
Show Less