അയ്യപ്പനും വാവരും തോഴന്മാരായിരുന്നു എന്ന കാര്യത്തിൽ ആരും തർക്കം പറഞ്ഞിട്ടില്ല. AD 7ാം നൂറ്റാണ്ടിന്റെ ഒടുവിൽ രൂപം കൊണ്ട ഇസ്ലാം മതത്തിൽ വിശ്വസിച്ചിരുന്ന മുഹമ്മദീയനായ വാവർ (ബാബർ എന്ന പേരിനോട് സാമ്യം) അയ്യപ്പനോടൊപ്പം ഉണ്ടാവണമെങ്കിൽ, അയ്യപ്പൻ 7ാം നൂറ്റാണ്ടിനുമുമ്പുള്ള ഏതോ അജ്ഞാത കാലത്തെ കുറിച്ചുള്ള ഒരു സങ്കൽപിക കഥയിലെ കഥാപാത്രമാകാൻ തരമില്ല. ലളിതമായി പറഞ്ഞാൽ ഇസ്ലാം ആവിർഭവിച്ച 7ാം നൂറ്റാണ്ടിനു ശേഷം ‘ജീവിച്ചിരുന്ന ‘ ഒരു മനുഷ്യനായിരുന്നു അയ്യപ്പൻ. വേദോപനിഷത്തുകളിലും പുരാണങ്ങളിലുമൊന്നും അയ്യപ്പനെന്ന ദൈവത്തെ കുറിച്ച് പരാമർശമില്ലാതെ പോയതും അതുകൊണ്ടു തന്നെ. എന്നിട്ടും പിൽക്കാലത്ത് ഒരു വലിയ ജനവിഭാഗത്തിന്റെ ആരാധനാ മൂർത്തിയായി അയ്യപ്പൻ മാറിയത് എന്തുകൊണ്ടാണ്, എങ്ങനെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങളുയരാത്ത മലയാളി മനസുകളുണ്ടാവില്ല. ആ ചോദ്യങ്ങളുടെ ഉത്തരം എനിക്ക് കിട്ടിയത് “അയ്യപ്പൻ” എന്ന ഈ നോവലിൽ നിന്നാണ്. തമിഴ് ജനത കേരളത്തിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കൊന്നും നൽകാത്ത പ്രാധാന്യം അയ്യപ്പ സന്നിധാനമായ ശബരിമലയ്ക്ക് നൽകുന്നത് എന്തുകൊണ്ടായിരിക്കാമെന്ന അന്വേഷണങ്ങൾക്കും ചരിത്രത്തിന്റെ പിൻബലത്തോടെ ഏറെക്കുറേ തൃപ്തികരമായ ഉത്തരം നൽകാനും അനീഷ് തകടിയിൽ – ന്റെ ഈ നോവലിന് സാധിക്കുന്നുണ്ട്.
മലയരയാനായ കണ്ടന്റെയും കറുത്തമ്മയുടെയും പുത്രനായി മലയിൽ പിറന്ന മണികണ്ടൻ, പത്ത് ദളമായി പകുത്തിട്ടുള്ള പന്തളനാടിലെ നാടുവാഴികൾക്ക് വേണ്ടപ്പെട്ടവനായത് ‘ശത്രുവിന്റെ ശത്രു മിത്ര’മെന്നൊക്കെ പറയുന്ന പോലുള്ള യുക്തിയാലാവണം. അപ്പോൾ ആരായിരുന്നു ആ പൊതുശത്രു ? അത് തഞ്ചാവൂർ കേന്ദ്രമാക്കി ഒരു വൻ സാമ്രാജ്യം തന്നെ രൂപീകരിച്ചിരുന്ന ചോളന്മാരായിരുന്നു. അവർ AD 920 ൽ പാണ്ഡ്യ തലസ്ഥാനമായ മധുര ആക്രമിച്ച് കീഴടക്കി. ആ കാലഘട്ടത്തിൽ നിരന്തരമായി നടന്ന അക്രമങ്ങളിൽ നിന്ന് രക്ഷതേടി മധുരയിൽ നിന്ന് പലായനം ചെയ്ത് പമ്പാ നദീതടത്തിലെത്തി താവളമടിച്ച ഒരു വിഭാഗം തമിഴരാണ് (പാണ്ടികൾ) പന്തളം രാജകുടുംബമായി പരിണമിച്ചത് എന്ന് കരുതാവുന്നതാണ്. ചേരനാടും ചോളന്മാരുടെ അക്രമങ്ങൾക്ക് നിരന്തരം വിധേയമായി കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ചേരനാട്ടിലെ മലമേടുകളിൽ പാർത്തുവന്നിരുന്ന മലയരയന്മാർക്കും മറ്റ് സമുദായങ്ങൾക്കും പലപ്പോഴും പുലിയടയാളമായ ചോളന്മാരുടെ പെരുമ്പറ്റമായ സൈന്യത്തിൽ നിന്ന് രക്ഷതേടി പല പല മലകളിലും മാറി പാർക്കേണ്ടി വന്നിരുന്നു. 18 മലകളിലായി അങ്ങനെ ഭയന്നൊളിച്ചിരുന്നവരുടെ ഇടയിൽ നിന്ന് ഒരു ആപത്ബാന്ധവനുണ്ടായി; അവനാണ് അയ്യപ്പൻ.
പന്തളനാടിനും കാടിനും വേണ്ടി അവൻ സേനാധിപനായി നിന്ന് ഒരു സംയുക്ത സൈന്യത്തെ വാർത്തെടുത്തു. അതിനായി പറ്റാവുന്നിടത്തെല്ലാം കളരികളൊരുക്കാൻ ഉത്സാഹിച്ചു. ജനങ്ങൾ സസ്നേഹം വീഴ്ത്തിക്കൊടുത്ത കഞ്ഞിയും ഏകലക്ഷ്യത്തിലേക്ക് 41 ദിവസത്തെ വ്രതമെടുത്ത് നടത്തിയ ശിക്ഷണവും അയ്യപ്പന്റെ ജനകീയ സേനയ്ക്ക് കരുത്ത് പകർന്നു. ദൗത്യമവസാനിച്ചപ്പോൾ ശരം ഉപേക്ഷിച്ച ശരംകുത്തിയിൽ നിന്ന് അയ്യപ്പന്റെ മറ്റൊരു യാത്ര ആരംഭിക്കുകയായിരുന്നു. ജനതയെ രക്ഷിച്ചവൻ രാജ്യംഭരിക്കുമെന്ന് കരുതിയവർക്കെല്ലാം അവന്റെ എല്ലാം ത്യജിച്ചുള്ള യാത്ര ഒരമ്പരപ്പായി. കാലാന്തരത്തിലൂടെ ആ അമ്പരപ്പ് ഒരാരാധനയായി. അയ്യൻ, അങ്ങനെ അയ്യപ്പ സ്വാമിയായി.
അയ്യപ്പ സംബന്ധിയായ ഏതാണ്ടെല്ലാ ചടങ്ങുകളുടെയും പൊരുൾ കൺമുന്നിൽ തെളിയുന്ന ഒരു നിർവൃതിയാണ് ഈ നോവൽ എനിക്ക് സമ്മാനിച്ചത്. അയൽവക്കങ്ങളിൽ അയ്യപ്പ തിന്തക തോം തോം മുഴങ്ങുന്ന ഈ മണ്ഡലകാലത്ത് ഈ നോവൽ ഒരു മാസ്മരിക അനുഭൂതി സൃഷ്ടിക്കുമെന്നത് തീർച്ച. ഈ അനുഭൂതി ഒരുക്കി തന്നതിന് നോവലിസ്റ്റിന് ഒരിക്കൽകൂടി നന്ദി🙏.

Recommended Posts

ഹുമയൂൺ തെരുവിലെ സാക്ഷി

2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി. ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ അല്ല, മറിച്ച് ഇതൊരു സാങ്കൽപ്പിക കഥയാണ്, കഥാപാത്രങ്ങൾ തികച്ചും നോവലിസ്റ്റിൻ്റെ സൃഷ്ടികളും..എന്നിട്ടും ഓരോ വരിയും വായിക്കുമ്പോഴും അപ്രമേയമായ ഏതോ യാഥാർത്ഥ്യം തെളിഞ്ഞ് നിൽക്കുന്നതായി […]

Admin

ഹുമയൂൺ തെരുവിലെ സാക്ഷി

പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ എത്തിയ ബുക്ക്‌ ആണ് അനീഷ് തകടിയലിന്റെ “ഹുമയൂൺ തെരുവിലെ സാക്ഷി “. സമയക്കുറവ് കാരണം വലിയ ബുക്കുകൾ ഷെൽഫിന്റെ കോർണറുകളിൽ ഉപേക്ഷിക്കപെടാറാണ് പതിവ്. പക്ഷെ 100 പേജുകൾ മാത്രം ഉള്ള ഈ ബുക്ക്‌ ഒറ്റരാത്രി കൊണ്ട് വായിച്ച് തീർക്കാൻ പറ്റി എന്നത് എടുത്ത് പറഞ്ഞേ പറ്റൂ. ചരിത്രവും ആനുകാലികവും ഇഴ ചേർത്ത് […]

Admin