ഈ പുസ്തകം എനിക്ക് വായിക്കാനായി തന്നത് എന്റെ മകളാണ്. അനീഷ് എനിക്ക് പുതിയ എഴുത്തുകാരനാണ്. യാതൊരു മുൻവിധിയും കൂടാതെ തന്നെ രണ്ടു മാസം മുൻപേ രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു. ശരിക്കും രണ്ടു മണിക്കൂറിനുള്ളിൽ തീർക്കാനുള്ളതേ ഉള്ളു. എന്നാൽ എന്റെ അസുഖം ഇപ്പോൾ എന്നെ അതിനു അനുവദിക്കുന്നില്ല. കീമോ തെറാപ്പി യുടെ നൂലിഴകൾ ശരീരത്തിലുടനീളം ഓടി എന്റെ ശക്തിയെ ആവാഹിക്കുമ്പോൾ ക്ഷീണമാണ് സ്ഥായിയായ ‘ഭാവം ‘- ഭാവമല്ല ശരിക്കും ‘അനുഭവം ‘.
പുസ്തകത്തെപ്പറ്റി എന്തെങ്കിലും എഴുതി അറിയിക്കു എന്നു അവൾ പറഞ്ഞത് പ്രകാരം ആണ് ഈ കുറിപ്പ്.. വായനയുടെ ലോകത്തെ നാല്പത് വർഷത്തിന് മേലെയുള്ള എന്റെ സീമയിൽ ഈ പുസ്തകം തന്നത് പുതിയൊരനുഭവമായിരുന്നു. കാൻവാസ് വളരെ വലുതാണ്. പഴയ ഡൽഹിയും പുതിയ ഡൽഹിയും സംഗമിക്കുന്ന ഹിന്ദുസ്ഥാനത്തിന്റെ പഴയ തലസ്ഥാന നഗരിയെ ഒരു ചെറിയ ഇതിവൃത്തത്തിൽ ഒതുക്കുക വളരെ ദുഷ്കരം ആണ്. വ്യാസനു പോലും എത്ര വലിയ പുസ്തകം എഴുതേണ്ടി വന്നു. മലയാളത്തിൽ തന്നെ എത്ര എഴുത്തുകാർ, എഴുതിയാലും എഴുതിയാലും തീരാത്ത ഡൽഹി. ദില്ലി ആകുന്നതിനു മുൻപുള്ള ഡൽഹി എനിക്ക് പരിചിതം ആണ്..ഇന്ദിരയെ വെടിവയ്ക്കുമ്പോൾ ഞാൻ ഡൽഹിയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഈ പുസ്തകം പലതിന്റെയും ഓർമ പുതുക്കലും കൂടിയാണ്.
ഇതിലെ കഥ തന്തു തികച്ചും നൂതനവും രചനാരീതി അതീവ ഹൃദ്യവും ആണ്. നമുക്ക് അനുഭവ വേദ്യമാകുന്ന സുന്ദരമായ കഥ പറച്ചിൽ.. കഥാപാത്രങ്ങൾ ആകട്ടെ പുതുപുത്തൻ സിനിമ കാഴ്ച പോലെ. നിസാരനായ നായരേട്ടൻ മുതൽ കഥാനായകൻ ആയ സുൽത്താൻ വരെ ( എനിക്ക് നായകൻ ആനന്ദ് അല്ല ). നായികയും ഇഷ്ട കഥാപാത്രവും തെരേസ തന്നെ.
പ്രിയ വായനക്കാരെ… ഒരു പുതിയ ഇതിവൃത്തo മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി ആണ് അനീഷ് തകടിയിൽ എഴുതിയ ഹുമയൂൺ തെരുവിലെ സാക്ഷി.. ഇത് വായിച്ചാൽ നിങ്ങൾക്കു അതൊരിക്കലും ഒരു നഷ്ടമാകില്ല..
പ്രസന്നകുമാർ