ഒരു ഞായറാഴ്ച അടയാളം ഓൺലൈനിലാണ് ആദ്യമായിട്ട് അനീഷ് തകടിയിൽ എന്ന എഴുത്തുകാരനെ അറിയുന്നതും ‘അയ്യപ്പൻ’ എന്ന കഥ വായിക്കുന്നതും. ഓരോ ഞായറാഴ്ചയും ഖണ്ഡശ്ശ ആയി അടയാളം ഓൺലൈനിൽ കഥ വരുന്നത് കാത്തിരിക്കാൻ പാകത്തിന് മനോഹരമായ ആഖ്യാന ശൈലിയായിരുന്നു അനീഷ് ചേട്ടന്റേത്. അതുകൊണ്ട് തന്നെ പുസ്തകമാക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു കോപ്പി വിളിച്ച് ഉറപ്പ് വരുത്തിയിരുന്നു.
ഐതിഹ്യം പറഞ്ഞ് പരത്തുന്ന ശൈവ വിഷ്ണു പുത്രൻ എന്ന സങ്കല്പത്തിൽ നിന്ന് മാറി മലയരയർക്കിടയിലെ ഒരുവനായി മണികണ്ടനെ (മണികണ്ഠൻ അല്ല, കണ്ടന്റെ മകൻ മണികണ്ടൻ) അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ. കാടിനുള്ളിലെയും നാടിനുള്ളിലെയും മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന ചോളന്മാർക്കെതിരെയുള്ള പടയൊരുക്കവും യുദ്ധവുമാണ് കഥാ പശ്ചാത്തലം. കഥയുടെ ഒഴുക്കിനൊപ്പം ചേർത്ത് വച്ചുകൊണ്ട് പ്രളയവും പ്രളയനാന്തര പുനർനിർമ്മാണവും കടലിന്റെ മക്കളുടെ കടന്ന് വരവുമൊക്കെ നമ്മളെ ഇന്നലെയുടെ ചില നിമിഷങ്ങളിലേക്കും കൊണ്ട് പോകും. പല ഭാഗങ്ങളും വായിക്കുമ്പോൾ ഒരു സിനിമയിലെന്നപോലെ വായനക്കാരന് മനസ്സിൽ കാണാൻ കഴിയുന്ന വിധത്തിൽ നല്ല രസമുള്ള എഴുത്താണ്.
കഥയായ് വായിക്കുമ്പോൾ സുന്ദരമായൊരു കഥയാണ് അയ്യപ്പൻ. എന്നാൽ ഇന്നത്തെ കാലത്ത് സീരിയൽ കണ്ട് പോലും കൈകൂപ്പുന്ന വിശ്വാസികൾക്കിടയിൽ ഈ കഥ അവർ ഐതിഹ്യമായോ ചരിത്രമായോ ഒക്കെ എടുത്ത് കാട്ടിയാലും അത്ഭുതമൊന്നുമില്ല; അത്രമാത്രം സുന്ദരമായ് എഴുത്തുകാരൻ കഥ മെനഞ്ഞിട്ടുണ്ട്.